Monday, May 26, 2014

ലളിതാസഹസ്രനാമസ്തോത്രവ്യാഖ്യാനം. തുടര്ച്ച..ഭാഗം 6

ലളിതാസഹസ്രനാമസ്തോത്രവ്യാഖ്യാനം. തുടര്ച്ച..ഭാഗം 6

ശ്രീലളിതാമ്ബായൈ നമഃ
ശ്രീഗമ്ഭീരവിപശ്ചിതഃ പിതുരഭൂദ്യഃ കോനമാമ്ബോദരേ
വിദ്യാഷ്ടാദശകസ്യ മര്മഭിദഭൂദ്യഃ ശ്രീനൃസിംഹാദ്ഗുരോഃ
യശ്ച ശ്രീശിവദത്തശുക്ലചരണൈഃ പൂര്ണാഭിഷിക്തോऽഭവ
ത്സ ത്രേതാ ത്രിപുരാ ത്രയീതി മനുതെ താമേവ നാഥത്രയീം.

ഭാസ്കരറായപ്രണീതമായ സൌഭാഗ്യഭാസ്കരമെന്നു പേരായ വ്യാഖ്യാനത്തിലേക്ക് ഇന്ന് നാം കടക്കുകയാണ്.. ശ്രീഗമ്ഭീര എന്ന് തുടങ്ങുന്ന ശ്ലോകത്തിലൂടെ ഗുരുനമസ്കാരം ചെയ്തുകൊണ്ട് ആണ് അദ്ദേഹം സ്വന്തം വ്യാഖ്യാനം ആരംഭിക്കുന്നത്.. ഇവിടെ പുരുഷാര്ഥസാധനവും സാക്ഷാൽ ജഗദീശ്വരിയായ ദേവിയുടെ ആരാധനയ്കും ഏറ്റവും കൂടുതൽ ശ്രേഷ്ഠവുമായ രഹസ്യനാമസഹസ്രകീര്ത്തനത്തിന്റെ രഹസ്യതരമായ ഗുരുസംപ്രദായത്തെ ശിഷ്യന്മാര്ക്ക് കാണിച്ചുകൊടുക്കുവാൻ വേണ്ടി ഗുരുക്കന്മാരെ നമസ്കരിച്ചുകൊണ്ട് ത്രിപുരാം എന്ന മംഗളശ്ലോകത്തോടെ ഉപോദ്ഘാതമെന്ന ആദ്യത്തെ കലയെ അദ്ദേഹം പറയാൻ തുടങ്ങുന്നു..

ത്രിപുരാം കുലനിധിമീഡേऽരുണാശ്രിയം കാമരാജവിദ്ധാങ്ഗീം.
ത്രിഗുണൈര്ദൈവൈര്നിനുതാമേകാന്താം ബിന്ദുഗാം മഹാരമ്ഭാം. 1.

വാക്കുകളെ വിഘടിപ്പിക്കുമ്പോൾ ത്രിപുരാം, കുലനിധി, ഈഡെ, അരുണാ, ശ്രിയം, കാമരാജ, വിദ്ധം, അങ്ഗീം, ത്രിഗുണൈഃ ദേവൈഃ നിനുതാം ഏകാന്താം ബിന്ദുഗാം മഹാരംഭാം.

ത്രിപുരാം മൂന്നു പുരങ്ങളോടു കൂടിയത് (ഭൂപുരം മണ്ഡലകോണ രേഖാമന്ത്രാദിസമൂഹങ്ങളോടുകൂടിയതായ) യാതൊരുവളാണോ യാതൊരുദേവിയാണോ അവളാണ് ത്രിപുരാ. മന്ത്രവും ത്ര്യക്ഷരമാണ് അതായത് അ ഉ മ എന്നിവ ചേര്ന്നതാണ്. രൂപങ്ങളും മൂന്നു തന്നെ. കുണ്ഡലിനിശക്തിയും മൂന്നുതന്നെ. ദേവിയുടെ സൃഷ്ടിക്കായുള്ള ദേവന്മാരുടെ ശക്തിരൂപങ്ങളും മൂന്നുതന്നെയാണെന്നു സാരം.. അതായത് എല്ലാം മൂന്ന്, മൂന്ന് എന്നത് യാതൊന്നുകൊണ്ടാണോ അതുകൊണ്ട് അതിനെ നാം ത്രിപുരാ എന്ന് പറയുന്നു എന്ന് വ്യാഖ്യാനാര്ഥം.

(ത്രിപുരാ എന്നതിന്റെ കൂടുതൽ അര്ഥങ്ങൾ മനസ്സിലാക്കുന്നത് ഗ്രന്ഥവ്യാഖ്യാനം മനസ്സിലാക്കാൻ സഹായകമാകും.. അതുകൊണ്ട് ത്രിപുരാ എന്നതിന്റെ കൂടുതൽ അര്ഥങ്ങൾ താഴെ കൊടുക്കുന്നു..

ത്രിപുരാ എന്നതിന് മലയാളനിഘണ്ടു പറയുന്നു ധര്മാര്ഥകാമങ്ങൾ നൽകുന്ന ഒരു ദേവി, ത്രിപുരസുന്ദരീ, ഒരു നഗരി. ത്രിപുരാ എന്നതിന് സ്ത്രീലിംഗാര്ഥത്തിൽ ത്രീൻ ധര്മാര്ഥകാമാൻ പുരതി പുരതോ ദദാതീതി. അതായത് ധര്മാര്ഥകാമങ്ങളായ മൂന്നിനേയും തരുന്നതുകൊണ്ട് ത്രിപുരാ എന്ന് സാമാന്യാര്ഥം പറയുന്നു.. ത്രിപുരയുടെ ധ്യാനശ്ലോകത്തോടെ അതിനെ വീണ്ടും വര്ണിക്കുന്നു...

ശൃണുതം ത്രിപുരാമൂര്തേഃ കാമാഖ്യായാസ്തു പൂജനം.
ഏതസ്യാ മൂലമന്ത്രന്തു പൂർവമുത്തരതന്ത്രകേ
യുവയോരിഷ്ടയോഃ സമ്യക് ക്രമാത്തു പ്രതിപാദിതം
വാഗ്ഭവം കാമരാജന്തു ഡാമരഞ്ചേതി തത്ത്രയം
സർവധര്മാര്ഥകാമാദിസാധനം കുണ്ഡലീയുതം
ത്രീൻ യസ്മാത് പുരതോ ദദ്യാത് ദുര്ഗാ ധ്യാതാ മഹേശ്വരീ
ത്രിപുരേതി തതഃ ഖ്യാതാ കാമാഖ്യാ കാമരൂപിണീ. എന്ന് കാലികാപുരാണം പറയുന്നു..

ഋഗ്വേദാന്തര്ഗതമായ ഉപനിഷദ് വിശേഷമായും ത്രിപുര എന്നതിനെ പറയുന്നു..സുക്തികോപനിഷത്തിൽ ഐതരേയം കൌഷീതി നാദബിന്ദു ആത്മപ്രബോധനിർവാണം ഉദ്ഗല അക്ഷമാലികാ ത്രിപുരാ എന്നിങ്ങനെ ഉപനിഷത്തുക്കളെ പറയുന്നു.. ത്രിപുരാ എന്നതിനെ നഗരവിശേഷമായി പറയുന്നു.. മഹാഭാരതത്തിൽ മോഹനം പത്തനഞ്ചൈവ ത്രിപുരാം കോശലാം തഥാ. ഏതാൻ സർവാൻ വിനിര്ജിത്യ കരമാദായ സർവശഃ എന്ന് 3.253 ൽ പറയുന്നു.. )

കുലനിധി- കുലം എന്നതിന് വംശം ഗോത്രം സജാതീയസമൂഹം ജീവൻ എന്നൊക്കെ അര്ഥം പറയുന്നു.. അതായത് ഇവിടെ കുലനിധി എന്നതുകൊണ്ട് സജാതീയസമൂഹത്തിന്റെ ഇരിപ്പിടമായിട്ടുള്ളവൾ എന്നര്ഥം.. ഒന്നു കൂടി വിശധീകരിക്കുകയാണെങ്കിൽ മാതൃമാനമേയങ്ങൾ(ജ്ഞാതൃ ജ്ഞാന ജ്ഞേയങ്ങൾ) ആയ ത്രിപുടങ്ങൾക്കും ആധാരമായിട്ടുള്ളവൾ എന്നര്ഥം. ജാനാമീതി തമേവ ഭാന്തമനുഭാത്യേതത്സമസ്തം ജഗത് എന്ന് ശ്രീശങ്കരഭഗവദ്പാദരും കുലത്തിനെ പറയുന്നു... സജാതീയൈഃ കുലം യൂഥമെന്ന് അമരകോശം.. പരമശിവൻ തുടങ്ങി സ്വഗുരുപര്യന്തമായ വംശത്തെ ആണ് കുലമെന്നും പറയുന്നുണ്ട്.. സംഖ്യാ വംശ്യേന എന്ന സുത്രവ്യാഖ്യാനത്തിൽ മഹാഭാഷ്യകാരൻ വംശോ ദ്വിധാ വിദ്യയാ ജന്മനാ, അതായത് വംശം എന്നത് രണ്ടുതരത്തിൽ വിദ്യകൊണ്ടും ജന്മം കൊണ്ടും എന്ന് പറയുന്നു..ഭവിഷ്യോത്തരപുരാണത്തിലാകട്ടെ ആചാരമാണ് കുലം എന്ന് പറയുന്നു.. ന കുലം കുലമിത്യാഹുരാചാരഃ കുലമിത്യുച്യതേ.. ആചാരരഹിതോ രാജന്നേഹ നാമുത്ര നന്ദതീതി. അതായത് ആചാരം തന്നെയാണ് കുലം എന്ന് പറയുന്നത്, ആചാരരഹിതനായ രാജാവ് അമുത്ര അതായത് ഇവിടേയും പരലോകത്തും ജന്മാന്തരത്തിലും ബഹുമാനിക്കപ്പെടുന്നില്ല എന്നര്ഥം. അതേ പോലെ തന്നെ സുഷുമ്നയുടെ മാര്ഗത്തേയും കുലം എന്ന് വിളിക്കുന്നു.. കുഃ എന്നതിന് ഭൂമി എന്നര്ഥം.പൃഥിവീതത്ത്വം ഏതൊന്നിലാണോ ലയിക്കുന്നത് ആ ആധാരചക്രവുമായി ശക്യത്തിന് സംബന്ധമുള്ളതുകൊണ്ട് കുലം എന്ന് വിളിക്കുന്നു..

ഈഡേ –ഈഡനം എന്നതിന് സ്തുതിക്കൽ എന്നര്ഥം.. ഈഡാ എന്നതിനാകട്ടെ സ്തുതി സ്തോത്രം പ്രശംസ എന്നൊക്കെ അര്ഥം പറയുന്നു..ഞാൻ സ്തുതിക്കുന്നു എന്നര്ഥം..

അരുണാ- അരുണാ എന്നതിന് കുങ്കുമം സിന്ദൂരം സ്വര്ണം അരുണവര്ണമുള്ളത് രക്തവര്ണം എന്നര്ഥം.. ശ്രീ എന്നതുകൊണ്ട് ഇവിടെ ശോഭ പ്രഭ സൌന്ദര്യം ഇവയെ പറയുന്നു.. അരുണാശ്രിയം എന്നതുകൊണ്ട് രക്തവര്ണത്തോടുകൂടി ശോഭായമാനമായ കാന്തി ആരിലാണോ ഉള്ളത് ആ ദേവി എന്നര്ഥം..

കാമരാജവിദ്ധാങ്ഗീം – കാമേശ്വരനായ പരിമശിവനാൽ വിദ്ധം അതായത് സാമരസ്യം പ്രാപിച്ചതായ അംഗത്തോടുകൂടിയവൾ എന്നര്ഥം..

ത്രിഗുണൈര്ദേവൈര്നിനുതാം –ത്രിഗുണൈഃ ത്രിഗുണങ്ങളായ സത്വരജസ്തമോഗുണങ്ങളോടുകൂടിയ ദേവൈഃ വിഷ്ണുബ്രഹ്മരുദ്രന്മാരാൽ നിനുതാം എല്ലായിപ്പോഴും സ്തുതിച്ചുകൊണ്ടിരിക്കുന്നത് യാതൊരുവളാണോ അവൾ

ഏകാന്താം – ഒരെ ഒരു ഈശ്വരിയായ അതായത് ഒന്നുമാത്രമായതും മുഖ്യമായതും പ്രസിദ്ധമായതും ആയവൾ

ബിന്ദുഗാം - സർവാനന്ദമയമായ ചക്രത്തിലേക്ക് പോകുന്നത് എന്നര്ഥം അതായത് ബിന്ദുമണ്ഡലവാസിനിയായവളും ആയ

മഹാരംഭാം- മഹാബ്രഹ്മാണ്ഡാദിരൂപത്തിന് ആരംഭം ഏതിൽ നിന്നാണോ അവളെ
ഇതേ ശ്ലോകത്തെ തന്നെ ലളിതാസഹസ്രനാമത്തിലേക്ക് അന്വയിപ്പിക്കാൻ സാധിക്കും അത് എങ്ങിനെയെന്ന് നാളെ തുടരാം. ഹരി ഓം.

No comments:

Post a Comment