Monday, May 26, 2014

വടയും ഹനുമാനും

നാം ക്ഷേത്രത്തിങ്ങളിൽ പോകാറുണ്ട്.. ഓരോ ക്ഷേത്രങ്ങളിലേയും ആചാരാനുഷ്ഠാനങ്ങൾ ദേശമനുസരിച്ച് വ്യത്യസ്തമാണ്.. അത് കൊണ്ട് തന്നെ ക്ഷേത്രത്തിലെ പൂജാരീതി അനുസരിച്ച് നാം വഴിപാടുകളും നടത്താറുണ്ട്.. അത് മാലയോ, പുഷ്പാഞ്ജലിയോ, അര്ചനയോ എന്തുമാകട്ടെ. അത് നമുക്ക് സ്വീകരിക്കാതെ വയ്യ. എന്നിരുന്നാലും ചില വഴിപാടുകൾ കാണുമ്പോൾ വിശ്വാസം ആണ് പ്രധാനം എങ്കിൽ പോലും യുക്തിസഹമായ ചോദ്യം മനസ്സിൽ വന്നുപോകുന്നു.

ഈശ്വരകൃപകോണ്ട് പ്രധാനപ്പെട്ട ഒരു ഹനുമാൻ ക്ഷേത്രത്തിൽ ദര്ശനത്തിന് ഭാഗ്യമുണ്ടായി. ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സമയം വടമാല ഹനുമാന് പ്രധാനമാണെന്നും അതുകൊണ്ട് വടമാല ആണ് ഇവിടത്തെ പ്രധാന വഴിപാടു എന്നും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ പറഞ്ഞു.. അമ്പലത്തിന് അകത്തും പുറത്തും ഉഴുന്നുവടകൾകൊണ്ടുള്ള മാല ധാരാളം. ഹനുമാനും വടമാലയുമോ.. പരസ്പരബന്ധം യാതൊരു സാധ്യതയുമില്ലാത്ത ഒന്നാണെന്ന് തോന്നി. സത്യം അറിയുവാനുള്ള ശ്രമിത്തിലാണ് മനസ്സിലായത് വടമാല എന്നത് ഉഴുന്നു വട അല്ല എന്നും, രാവണോദ്യാനത്തിൽ ശ്രീരാമന്റെ സന്ദേശം എത്തിച്ച ഹനുമാനെ സീതാദേവി വടവൃക്ഷത്തിന്റെ ഇലകൾ കൊണ്ട് മാല ഉണ്ടാക്കി അണിയിച്ചു എന്നും വടവൃക്ഷത്തിന്റെ ഇല തലയിൽ ഇട്ടുകൊണ്ട് അനുഗ്രഹിച്ചു എന്നും ഉള്ള രണ്ട് കഥ ഉണ്ട് എന്ന് മനസ്സിലായി. അങ്ങിനെ രാമായണത്തിലെ വടവൃക്ഷത്തിന്റെ ഇലകൊണ്ടുള്ള മാല ഉഴുന്നു വട മാല ആയി.

യഥാര്ഥത്തിൽ എവിടെയാണ് നമുക്ക് തെറ്റുകൾ പറ്റുന്നത് എന്ന് ആലോചിച്ചപ്പോൾ ചെറുപ്പത്തിലെ വായിച്ച കറുത്ത പൂച്ചയുടെ കഥ ഓര്മ വന്നു.. ഒരു ബ്രാഹ്മണന്റെ വീട്ടിൽ കറുത്ത പൂച്ച ഉണ്ടായിരുന്നു.. നിത്യകര്മം ചെയ്യാനിരിക്കുന്ന സമയം പൂച്ച വന്ന് സ്ഥിരമായി പാലുതട്ടിമറിക്കും. അല്ലെങ്കിൽ ശല്യം ചെയ്യും.. സഹികെട്ട ബ്രാഹ്മണൻ പൂജയ്കു മുന്പെ പൂച്ചയെ അടുത്തുള്ള തൂണിൽ കെട്ടിയിടാൻ തുടങ്ങി. ചെറിയപ്രായത്തിൽ ഇതുകണ്ടുകൊണ്ട് ബ്രാഹ്മണന്റെ പുത്രനും വളര്ന്നു.. കാലം കഴിഞ്ഞു ബ്രാഹ്മണന്റെ കാലശേഷം പുത്രൻ പൂജാദികാര്യങ്ങൾ നോക്കിതുടങ്ങി. പൂജകൾക്ക് ചാര്ത്തെഴുതുമ്പോൾ ബ്രാഹ്മണന്റെ പുത്രൻ ഏറ്റവും ആദ്യം എഴുതിയത് കറുത്ത പൂച്ച.

ഇതുപോലെയാണ് നമ്മളും...എന്തിന് എന്ന് അറിയാനെ ശ്രമിക്കാറില്ല.. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചോദ്യം ചെയ്യപ്പെടാനോ അല്ലെങ്കിൽ അറിയുവാനോ പാടില്ലാത്തവയാണ് എന്നുള്ള നമ്മുടെ ചിന്തയാകണം ഇന്നത്തെ ഈ അവസ്ഥക്ക് കാരണം.. അതുകൊണ്ട് ക്ഷേത്രദര്ശനത്തിനിടയിലോ അല്ലാത്തസമയങ്ങളിലോ അറിയാത്ത ആചാരങ്ങളോ അനുഷ്ഠാനങ്ങളോ കാണുമ്പോൾ 2 നിമിഷം കൂടുതൽ എടുത്ത് അത് എന്തിനെന്ന് അറിയാൻ ശ്രമിക്കു.. നമ്മുടെ പൈതൃകത്തെകുറിച്ച് അറിയുവാനുള്ള അവകാശം നമുക്കുണ്ട്..

3 comments:

  1. എന്തോ എനിക്കിതിനോട് യോജിക്കാൻ കഴിയുന്നില്ലല്ലോ! നമ്മുടെ പുരാതന സൂരിമാർ അജ്ഞതകൊണ്ട് അത്തരമൊരു അബദ്ധം ചെയ്യുമോ?? സംശയമാണ്.
    സത്യത്തിൽ ഹനുമാന് വടമാല രാഹുദോഷനിവാരണാർത്ഥം കഴിപ്പിക്കുകയാണ് എന്നാണ് ഞാൻ കേട്ടിരിക്കുന്നത്. സൂര്യനെ വിഴുങ്ങാൻപോയ രാഹുവിനെ ശിക്ഷിച്ചത് ഹനുമാനാണല്ലോ!
    തനിക്കു ബുദ്ധിനല്കിയ ഹനുമാനെ രാഹു ഉഴുന്നുകൊണ്ടുള്ള ഭക്ഷണം നല്കുകയും തന്റെ പ്രിയ ഭക്ഷണമായ ഉഴുന്ന് ഹനുമാന് നേദിക്കുന്നവർക്ക് രാഹുദോഷം അനുഭവപ്പെടില്ലെന്നു രാഹു വരംകൊടുത്ത ഒരു കഥ തമിഴ്‌നാട്ടിലും വടക്കേൽ ഇന്ത്യയിലും പ്രചരിക്കുന്നുമുണ്ട്.
    ഒപ്പം രാഹുവിന്റെ ഭക്ഷണമായ ഉഴുന്ന് കുട്ടിക്കാലത്തു ഹനുമാനും ഏറെ പ്രിയപ്പെട്ടതായിരുന്നെന്നു വായിച്ചിട്ടുമുണ്ട്.
    മാത്രവുമല്ലാ എല്ലാ അമ്പലങ്ങളിലും ഈ വടമാലയുടെ ഏർപ്പാടുമില്ലാ. എന്നാൽ എല്ലാ അമ്പലങ്ങളിലും വെറ്റിലമാലയുണ്ട്!

    കൂടാതെ ഇവിടെ പരാമർശിക്കപ്പെട്ട കഥയ്ക്ക് ഈ മാലയുമായാണ് ബന്ധം കേട്ടിരിക്കുന്നത്. ശ്രീരാമവിജയം സീതാദേവിയെ അറിയിച്ചത് ഹനുമാനാണ്. ഉടനെ ആനന്ദത്തോടെ സീതാദേവി അടുത്തുള്ള വെറ്റിലലതയിൽനിന്ന് വെറ്റിലകൾ പറിച്ച് മാലയാക്കി ഹനുമാനെ അണിയിക്കുകയായിരുന്നു!

    പിന്നെ അശോകവൃക്ഷച്ചോട്ടിൽ ബന്ദിയായിരുന്ന സീത ശ്രീരാമസന്ദേശം എത്തിച്ച ഹനുമാനെ വടവൃക്ഷത്തിന്റെ തളിരിലകളാൽ മലയണിയിച്ചു എന്നത് അല്പം അവിശ്വസനീയമായി തോന്നുന്നില്ലേ? ഒന്നാമത് വടവൃക്ഷത്തിന്റെ ഉയരം ആലോചിക്കാം. ഇനി ചെറിയ വൃക്ഷമായിരുന്നെങ്കിൽത്തന്നെ രാക്ഷസിമാരെ അവഗണിച്ച് ഈ ചെറിയവൃക്ഷത്തെത്തേടി സീത അശോകവൃക്ഷച്ചുവട്ടിൽനിന്നു മാറിയെന്നതും അല്പം ശങ്കതോന്നിക്കുന്നു. അല്ലെങ്കിൽ രാക്ഷസിമാരുടെ ഭക്ഷണമായ വട, അന്നേരം ത്രിജട മാലയാക്കി സീതയ്ക്കു കൊടുത്തിട്ടുണ്ടാവാം.
    എന്തായാലും വടമാല പ്രസക്തമാണ് എന്നുതന്നെ എന്റെ നിഗമനം!

    ReplyDelete
  2. സീതാദേവി ആഞ്ജനേയര്ക്ക് വടമാല സമര്പ്പിക്കുവാന് ഉണ്ടായ കാരണം

    ReplyDelete
  3. ഞാനും കേട്ടിരികാകൂന്നത് വട വൃക്ഷത്തിൻറെ ഇല തന്നെയാണ്

    ReplyDelete