Wednesday, May 21, 2014

ലളിതാസഹസ്രനാമസ്തോത്രവ്യാഖ്യാനം.. ആമുഖം.

ലളിതാസഹസ്രനാമസ്തോത്രവ്യാഖ്യാനം.. ആമുഖം.

" ക്രമത്രിതയസമാശ്രയവ്യതിരേകേണ യാ സംതതം
ക്രമത്രിതയലങ്ഘനം വിദധതീ വിഭാത്യുച്ചകൈഃ
ക്രമൈകവപുരക്രമപ്രകൃതിരേവ യാ ദ്യോത്യതേ
കരോമി ഹൃദി താമഹം ഭഗവതീം പരാം സംവിദം. "

ഏതൊരു ദേവിയാണോ ഭുവനത്തിന്റെ ഉദയം രക്ഷാ നാശം (സര്ഗം രക്ഷ നാശം) ഇവയുടെ നിരോധവും അനുഗ്രവും ആയി അഞ്ചും ചെയ്യുന്നത് ആ ദേവിയെ നമസ്കരിക്കുന്നു..

ലളിതാസഹസ്രനാമത്തിന്റെ വ്യാഖ്യാനങ്ങളിൽ പ്രധാനമാണ് സൌഭാഗ്യഭാസ്കരമെന്ന ഭാസ്കരറായരുടെ വ്യാഖ്യാനം..മഹാനായ കണ്ടിയൂർ മഹാദേവശാസ്ത്രികൾ ഒരു ഭാഷാപരിഭാഷ അതിന് തയ്യാറാക്കിയിട്ടുമുണ്ട്..അതെ പോലെതന്നെ ലളിതാസഹസ്രനാമത്തിന് മലയാളത്തിൽ പല ആചാര്യന്മാരുടെ ഭാഷാവ്യാഖ്യാനങ്ങൾ ലഭ്യമാണ്.. ബ്രഹ്മശ്രീ കെ.എ. സുബ്രഹ്മണ്യയ്യരുടെ ലളിതാസഹസ്രനാമവ്യാഖ്യാനം ഇതിൽ വളരെ പ്രധാനമായ ഒന്നാണ്..എത്ര വ്യാഖ്യാനിച്ചാലും തീരാത്ത വിധത്തിലാണ് ലളിതാസഹസ്രനാമത്തിന്റെ ഗൂഢാര്ഥങ്ങൾ..ലളിതാസഹസ്രനാമത്തിന് ആചാര്യന്മാർ പറഞ്ഞിരിക്കുന്ന അര്ഥങ്ങളോടൊപ്പം തന്നെ പുരാണങ്ങൾ, ഇതിഹാസം, മറ്റ് ശാസ്ത്രങ്ങൾ എന്നിവയിൽ പറഞ്ഞിരിക്കുന്ന അര്ഥങ്ങളിലൂടേയും ഉള്ള ഒരു യാത്രയാകട്ടെ ഇവിടെ.. ഈ യാത്രയ്ക് കാരിണിയും കാരയിത്രിയും ആയ ദേവിതന്നെ നാം എല്ലാവരേയും സഹായിക്കുമെന്ന് വിശ്വാസത്തോടും ഗുരുക്കന്മാരുടേയും എല്ലാ കുടുംബാംഗങ്ങളുടേയും അനുഗ്രഹവും ആശിസ്സും പ്രാര്ഥിച്ചുകൊണ്ട്..

18 പുരാണങ്ങളിലൊന്നായ ബ്രഹ്മാണ്ഡപുരാണം ഉത്തരഖണ്ഡത്തിൽ ഹയഗ്രീവാഗസ്ത്യസംവാദരൂപത്തിലാണ് ലളിതാസഹസ്രനാമം പറയുന്നത്.. ഫലേച്ഛ ഇല്ലാതെ ചെയ്യണമെന്ന് സാധാരണ പറയുന്ന നിത്യകര്മമായ സന്ധ്യാവന്ദനം എങ്ങിനെയാണോ അതേ പോലെ ലളിതാസഹസ്രനാമവും ചെയ്യണമെന്നാണ് നിയമം..സ്തോത്രങ്ങൾ അര്ഥം അറിഞ്ഞു ചെയ്യുന്നതാണ് ഉത്തമം.. അര്ഥബോധത്തോടെ നാമം ചൊല്ലുന്നവരുടെ അന്തരംഗം ശുദ്ധമാകും..ശുദ്ധമായ അന്തഃകരണത്തിൽ അശുഭചിന്തകളൊന്നുമുണ്ടാവില്ല.. ലളിതാസഹസ്രനാമം ചൊല്ലുന്നവര്ക്ക് പ്രധാനമായി വേണ്ടത് ഭക്തിയും വിശ്വാസവുമാണ്.. ഭക്തിയോടെ ജപിക്കുന്നതിനൊപ്പം തന്നെ വിശ്വാസപൂർവം ജപിക്കുവാൻ ശ്രദ്ധിക്കുക.. അനുഗ്രഹദായിയായ അമ്മയുടെ കയ്യിൽ പിടിച്ച് നാം നടക്കുന്നതിനു പകരം ജീവിതത്തിൽ എന്ത് സംഭവിച്ചാലും ആ അമ്മയുടെ ഇച്ഛതന്നെയാണ് എന്ന് സ്വീകരിച്ച് അമ്മയുടെ കയ്യിലേക്ക് സ്വയം അര്പിക്കുക.. ശരണാഗതി.. ഇതാണ് ഉപാസന...

ദേവി എന്നതിന് സരളമായി പറഞ്ഞാൽ വാക്കിന് കാരണമായിരിക്കുന്ന ശക്തി എന്ന് ദേവിയെ പറയാം..ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ ഏതൊരു വിദ്യകൊണ്ടാണോ ശരീരാവസ്ഥയിൽ തന്നെ മനുഷ്യന്റെ ദോഷങ്ങൾ അസ്തമിച്ച് സംതൃപ്തിയും ആനന്ദവും അനന്തമായ സത്യത്തിന്റെ അനുഭവവും ഉണ്ടാകുന്നത് ആ വിദ്യയാണ് ദേവി.

ദേവി അനുഗ്രഹദായിനിയാണ്.. എന്താണ് അനുഗ്രഹം.. അനുഗ്രഹം എന്നതിന് അര്ഥം പറയുകയാണെങ്കിൽ ലൌകികങ്ങളായ സൃഷ്ടി സ്ഥിതി സംഹാരം തിരോധാനം ഇവയിൽ നിന്ന് രക്ഷിക്കുന്നതാണ് അനുഗ്രഹം. ഈ ശരീരം ഉള്ളപ്പോൾ തന്നെ രക്ഷനേടുന്നതിന് വേണ്ടിയാണ് നാം അമ്മയെ ആശ്രയിക്കുന്നത് എന്നര്ഥം.. "അഹം ദേവീ ന ചാന്യോസ്മി ബ്രഹ്മൈവാഹം ന ശോകഭാക് " എന്ന് അറിയുന്നവനാണു ശ്രീവിദ്യാ ഉപാസകൻ.. അങ്ങിനെയാണ് എങ്കിൽ ആര് ആരെയാണ് രക്ഷിക്കുന്നത് എന്നത് സംശയം തോന്നാം..അപ്പോൾ പറയുന്നു, മുക്തി എന്നത് നേടി എടുക്കാനുള്ളതല്ല അത് നമ്മുടെ ഉള്ളിൽ തന്നെ ഉള്ളതാണ് എന്നുള്ള ബോധം..തപസ്സ് എന്നത് ഗുഹയിലോ കാട്ടിലോ പോയി ഇരിക്കലല്ല.. ഞാൻ എവിടെ നിന്നു വന്നു എന്നറിഞ്ഞ് ശുദ്ധമായ ആ ശ്രോതസ്സിനെ തപസ്വികൾ അറിയുകയാണ് ചെയ്യുന്നത്.. തപസ്സ് എന്നത് ആ മൂലത്തിൽ അടങ്ങലാണ്..ദേവീ ഉപാസനയും അതുതന്നെയാണ്.. ശ്രീമാതാ എന്നുതുടങ്ങി ശിവശക്ത്യൈക്യരൂപിണി എന്ന് അവസാനിക്കുന്ന സഹസ്രനാമത്തിലൂടെ അമ്മയിലൂടെ അച്ഛനെ അറിയുവാൻ ശ്രമിക്കുകയാണ് നാം ചെയ്യുന്നത്.. ശിവയിലൂടെ ശിവസായൂജ്യം.. നാദം ബിന്ദു കല ഇവയിൽ ബിന്ദുസ്ഥാനത്തിരിക്കുന്ന ഞാൻ എന്ന ഭാവത്തെ നശിപ്പിച്ച് ശിവസായൂജ്യം നേടാനുള്ള മാര്ഗം ആണ് ഇത്.. ഉറങ്ങുന്നതിനും, എണീക്കുന്നതിനും, സ്മൃതിയ്കം ബുദ്ധിയ്കും എല്ലാത്തിനും കാരണഭൂതമായിരിക്കുന്ന ദേവി തന്നെയാണ് നാം എന്ന് അറിയുക..നാം കാണുന്ന പ്രപഞ്ചം ദേവിയുടെ പ്രത്യക്ഷസ്വരൂപം ആണ്..

എങ്ങിനെയാണ് നാദരൂപിണിയായ ദേവി നാം ആകുന്നത് ? നാം കാണുന്ന ഈ പ്രപഞ്ചം ദേവിയുടെ പ്രത്യക്ഷസ്വരൂപമാകുന്നത് എങ്ങിനെയാണ് ? ഇതിന്റെ തുടര്ച്ചയും ലളിതാ സഹസ്രനാമത്തിന്റെ കഥാസന്ദര്ഭവും നാളെ മുതൽ ആരംഭിക്കാം.. ഹരി ഓം..

No comments:

Post a Comment