Monday, May 26, 2014

ധ്യാനം

ധ്യാനം

`ധ്യാനം നിര്‍വിഷയം മനഃ` എന്നാണ്‌ പ്രമാണം. എല്ലാ വിഷയങ്ങളില്‍നിന്നും മനസ്സ്‌ മോചനം നേടിയ ഒരു തരം അവസ്ഥയാണ്‌ ധ്യാനം. എല്ലാതരം ചിന്തകളില്‍ നിന്നും വസ്‌തുക്കളെ കുറിച്ചുള്ള ബോധത്തില്‍ നിന്നും മനസ്സ്‌ സ്വതന്ത്രമാകുന്ന ഒരു അവസ്ഥയാണ്‌ ധ്യാനം എന്ന്‌ അറിയപ്പെടുന്നത്‌. ധ്യാനം തുടങ്ങുവാന്‍ മനസ്സിന്‌ ഏതേങ്കിലും ഒരു വസ്‌തുവിനേയോ, ഒരു കാര്യത്തിനേയോ ആശ്രയിക്കേണ്ടി വരുന്നതാണ്‌. ഇതിനെ ധ്യേയം എന്ന്‌ അറിയപ്പെടുന്നു. ധ്യേയ വസ്‌തുവായി നിങ്ങള്‍ക്ക്‌ എന്തു വേണമെങ്കിലും സ്വീകരിക്കാവുന്നതാണ്‌. ഒരു ദീപ നാളമോ, അഥവ ഒരു പ്രത്യേക ബിന്ദുവോ ഒരു ഇഷ്‌ടദേവത രൂപമോ അങ്ങിനെ നിങ്ങള്‍ക്കിഷ്‌ടപ്പെട്ട എന്തുവേണമെങ്കിലും സ്വീകരിക്കാവുന്നതാണ്‌. അങ്ങിനെ ധ്യേയ വസ്‌തുവില്‍ മാത്രം മനസ്സ്‌ ഉറപ്പിച്ച്‌ ഏകാഗ്രതയേടെ ശാന്തമായി ഇരിക്കുക. അങ്ങിനെ ഇരിക്കുവാന്‍ അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങിനെ ഇരിക്കുവാന്‍ തുടങ്ങുമ്പോഴേക്കും മനസ്സിന്റെ ഏകാഗ്രത തകര്‍ത്ത്‌ പല വിധ ചിന്തകളും നിങ്ങളുടെ മനസ്സില്‍ ഓടിക്കയറും. അങ്ങിനെ വരുന്നവയെ ഒരിക്കലും ബലമായി തിരസ്‌കരിക്കുവാന്‍ നോക്കരുത്‌. അവ വന്ന വഴിയെ പോകുവാന്‍ അനുവദിക്കുക. ഇങ്ങിനെ ചെയ്യുമ്പോള്‍ ഇവ പിന്നീടൊരിക്കലും നിങ്ങളെ ശല്യം ചെയ്യുവാന്‍ വരികയില്ല. വീണ്ടും മനസ്സ്‌ ധ്യേയ വസ്‌തുവിലേക്ക്‌ കൊണ്ടു വന്നു നിറുത്തുക.

ധ്യാനം എന്നുവെച്ചാല്‍ അലിഞ്ഞു ചേരുക എന്നൊരു അര്‍ത്ഥം ഉണ്ട്‌. ധ്യാനത്തിന്‌ കണ്ണുമടച്ച്‌ ഇരിക്കണമെന്നില്ല. കടല്‍തീരത്ത്‌ നമ്മള്‍ പോയി ഇരുന്നു കഴിഞ്ഞാല്‍ പിന്നെ അനന്തമായ സാഗരത്തില്‍ നാം ലയിച്ചിരിക്കാറില്ലേ. പ്രകൃതിയിലെ നിറത്തിലും, കളകളാരവത്തിലും നാം വെറുതെയങ്ങ്‌ ലയിച്ചിരിക്കാറില്ലേ. നല്ല ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ നാം അതിലും ലയിച്ചിരിക്കാറില്ലേ.

ധ്യാനം മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍ സാക്ഷിയായിരിക്കുക എന്നും കൂടിയുണ്ട്‌. കണ്ണുകള്‍ അടച്ചു പിടിച്ചുകൊണ്ട്‌ എല്ലാറ്റില്‍ നിന്നും ബഹുദൂരം അങ്ങ്‌ വിട്ടു നില്‍ക്കുക. ഒരു നെടുവീര്‍പ്പോടെ നാം ഇത്‌ പലപ്പോഴും ചെയ്യാറുള്ളതാണ്‌. ഇങ്ങിനെ ധ്യാനം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടും, അല്ലാതേയും പരിശിലിക്കാവുന്നതാണ്‌. അങ്ങിനെ നിങ്ങള്‍ നിങ്ങളുടെ സത്വമാകുന്ന സത്യത്തിലേക്ക്‌ ഇറങ്ങി ചെല്ലണം. നിങ്ങള്‍ ധ്യാനത്തിന്‌ ഇരുന്നു കഴിഞ്ഞാല്‍ പല സംഗതികളും നിങ്ങളുടെ മനസ്സിലേക്ക്‌ കടന്നുവരും. നിങ്ങളുടെ മനസ്സിലേക്ക്‌ കടന്നു വരുന്ന ചിന്തകളോട്‌ ഒരിക്കലും മല്ലിടരുത്‌. അവ വന്ന വഴിയെ പോകാന്‍ നിങ്ങള്‍ അനുവദിച്ചാല്‍ മതി. അവയെ തടയരുത്‌. എന്തു തന്നെ സംഭവിച്ചാലും അത്‌ നല്ലതിനാണ്‌ എന്ന്‌ വിചാരിച്ചു കൊള്ളുക. ഞാന്‍ ശാന്തമായി വിശ്രമിക്കുകയാണെന്ന്‌ ശക്തിയായി ചിന്തിക്കുക. നിങ്ങളുടെ ചിന്തകളെ നിങ്ങള്‍ സസൂക്ഷ്‌മം നിരീക്ഷിക്കുക. അവ എങ്ങിനെയോ അങ്ങിനെ തന്നെയാകട്ടെ എന്ന്‌ വിചാരിക്കുക. ചിന്തകള്‍ ഒന്നിനു പുറകെ ഒന്നായി പോകുന്നതില്‍ ഒരു തെറ്റും കാണേണ്ടതില്ല.

ധ്യാനം എന്നുവെച്ചാല്‍ ഈ നിമിഷവുമായുള്ള യോജിപ്പ്‌ അഥവ തന്മയത്വം എന്നും കൂടി അര്‍ത്ഥമുണ്ട്‌. സര്‍വ്വ സാഹചര്യങ്ങളേയും പരിപൂര്‍ണ്ണമായി ഉള്‍കൊള്ളുവാന്‍ കഴിയണം. നമ്മുടെ മനസ്സ്‌ ക്ഷോഭമില്ലാത്തതായിരിക്കണം. ഈ നിമിഷത്തില്‍ ഇരിക്കുന്ന മനസ്സിന്‌ ഒരിക്കലും ഒരു വേവലാതിയോ, വെമ്പലോ ഉണ്ടായിരിക്കുകയില്ല. ഈ നിമിഷത്തില്‍ ഇരിക്കുന്ന മനസ്സ്‌ പരിപൂര്‍ണ്ണ സ്വസ്ഥമായിരിക്കും. ആത്മാകുന്ന പ്രഭാവ സ്ഥാനത്തേക്ക്‌ മനസ്സ്‌ തിരിച്ചെത്തിയിരിക്കും.

ധ്യാനം ഒരു പ്രത്യേക തരം വിശ്രമാവസ്ഥയാണ്‌ മനസ്സിന്‌ നല്‍കുന്നത്‌. എല്ലാവിധ സമ്മര്‍ദ്ദങ്ങളേയും ലഘൂകരിക്കുന്നു. മനസ്സിനെ ശുദ്ധീകരിക്കുന്നു. ചേതന അഥവ ചൈതന്യം അതിന്റെ ഉത്ഭവ സ്ഥാനക്ക്‌ പോകുന്നു. ശരിയായ ശ്വസനം, സംഘര്‍ഷവും, ആലസ്യവും, അകറ്റുന്നു. ഹരി ഓം

1 comment:

  1. ശിഷ്യനിൽ വിളങ്ങുന്ന ജ്യോതിസ്സ് ഉപനിഷത്ത് ഭാഷയിൽ ജീവാത്മാവാണ്. ശരീരാദി ഉപാധിയിൽ പ്രതിബിംബിച്ചു കാണുന്ന പരമാത്മാവ് തന്നെ ആണ് ജീവാത്മാവ്. ഈ അറിവ് തുടങ്ങുന്ന ആദ്യ പടി ആണ് സ്വയം അറിയൽ. ഉപാധി ആയി നിൽക്കുന്ന, മനസ് ഉൾപ്പെടുന്ന സൂഷ്മശരീരീരം പ്രശാന്തമാകുന്തോറും, തെളിഞ്ഞ കാണുന്ന സൂര്യബിംബം പോലെ
    സത്യം തെളിഞ്ഞു കിട്ടും. ഉപാധി ഇല്ലാതാകുന്നതോടെ, തടാകത്തിലെ ജലം ഇല്ലാതായയാൾ സൂര്യ പ്രതിബിംബം സൂര്യനിൽ ലയിക്കുംപോലെ, ജീവാത്മാവ് പരമാത്മാവിൽ ലയിക്കും. (മരണത്തോടെ ഇല്ലാതാകുന്നതല്ല സൂഷ്മ ശരീരം.)

    അപ്പാ ദീപോ ഭവ - സ്വയം വെളിച്ചമായി തീരുക എന്ന് ശ്രീബുദ്ധൻ പറയുന്നു.


    ശ്രീ ശങ്കരാചാര്യരുടെ ഏകശ്ലോകി എന്ന കൃതി ആണ് മുകളിലെ ഗുരു ശിഷ്യ സംവാദം . പൂർണ്ണ രൂപം താഴെ കൊടുക്കുന്നു.

    കിം ജ്യോതിസ്തവ ഭാനുമാനഹനി മേ
    രാത്രൌ പ്രദീപാദികം
    സ്യാദേവം രവിദീപദർശനവിധൗ
    കി ജ്യോതിരാഖ്യാഹി മേ
    ചക്ഷുസ്തസ്യ നിമീലനാദിസമയേ
    കിം ധീർധിയോ ദർശനേ
    കിം തത്രാഹമതോ ഭവാൻ പരമകം
    ജ്യോതിസ്തദസ്മി പ്രഭോ

    ReplyDelete