Monday, May 26, 2014

സ്വരലക്ഷണം...

സ്വരലക്ഷണം...

ഒരു ധ്വനിയുടെ ശ്രവണമാത്രയിൽ ഒരു രസികന് ആഹ്ലാദമുണ്ടാകുന്നുവെങ്കിൽ ആ ധ്വനി സപ്തസ്വരത്തിലൊന്നായിരിക്കും.. പ്രകാശാര്ഥമായ രാജ് ധാതുവിനോടു സ്വയം എന്ന അര്ഥത്തിൽ സ്വ എന്ന ശബ്ദം ചേര്ക്കുമ്പോൾ സ്വരം എന്ന പദം കിട്ടുന്നു. സ്വയം പ്രകാശിക്കുന്നതെന്നു അര്ഥം. ഏതുനാദമാണോ മറ്റൊന്നിന്റേയും സഹായം കൂടാതേ ശ്രവണസുഖമുള്ളതായി വിളങ്ങുന്നത് അതാണ് സ്വരം. തട്ടുകയോ മുട്ടുകയോ ചെയ്യുമ്പോഴുള്ള ടട്, ടം, ടക് മുതലായവ ശ്രുതിക്കുദാഹരണമായും ശ്രുതിയെ തുടര്ന്നുണ്ടാകുന്ന ടണ് ടം ടങ് മുതലായവ സ്വരത്തിനു മൂലകാരണവുമാണ്. ഇങ്ങിനെ ഉണ്ടാകുന്ന ഏഴുസ്വരങ്ങൾ ഷഡ്ജം ഋഷഭം ഗാന്ധാരം മധ്യമം പഞ്ചമം ധൈവതം നിഷാദം എന്നീ പേരുകളിൽ അറിയപ്പെടുന്നു.

ഷഡ്ജത്തിനു നാഭി, ഋഷഭത്തിന് ഹൃദയം, ഗാന്ധാരത്തിന് കണ്ഠം, മധ്യമത്തിന് ഉൾനാക്ക്, പഞ്ചമത്തിന് മൂക്ക്, ധൈവതത്തിന് പല്ല്, നിഷാദത്തിന് ചുണ്ട് എന്നിവയാണ് സ്ഥാനങ്ങൾ. ഒരു സ്വരം ഒരു സ്ഥാനത്തെ ആശ്രയിച്ചിട്ടുള്ളതല്ല , പ്രധാന്യേന വ്യപദേശോ ഭവന്തി എന്ന ന്യായം ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്...

സപ്തസ്വരങ്ങൾക്കു കാരണം....

ഷഡ്ജം
നാസിക കണ്ഠം നെഞ്ച് താലു നാക്ക് പല്ല് എന്നീ ആറു സ്ഥാനങ്ങളിലുമായി ഉണ്ടാകുന്നതുകൊണ്ട് ഷഡ്ജം എന്ന് പേർ. ഋഷഭം തുടങ്ങിയ മറ്റാറു സ്വരങ്ങൾക്കും കാരണമാകുന്നതുകൊണ്ടും ഈ പേരെന്നു ചിലരുടെ അഭിപ്രായം.

ഋഷഭം
നാഭിയിൽ നിന്ന് പൊങ്ങുന്ന വായു കണ്ഠത്തിലും ശിരസ്സിലും തട്ടി കാളയുടേതുപോലുള്ള ശബ്ദത്തോടുകൂടി പുറത്തുവരുന്നതുകൊണ്ടു ഋഷഭം എന്ന് പേര്. ശ്രോതാക്കളുടെ ഹൃദയത്തെ വേഗം പ്രാപിക്കുന്നുവെന്നതുകൊണ്ടും ഈ പേരെന്നു ഒരു മതവുമുണ്ട്.

ഗാന്ധാരം
ഗന്ധർവവിദ്യക്ക് മുഖ്യസ്വരമാകയാലും ഗാനരൂപമായ വാക്കിനെ ധരിക്കുന്നതിനാലും ഗാന്ധാരം എന്ന് പേർ

മധ്യമം
നാഭിയിൽ നിന്നു പൊങ്ങുന്ന വായു ഹൃദയത്തിൽ തട്ടി പുറത്തുവരുമ്പോൾ മധ്യസ്ഥാനത്തിൽ നിന്ന് പ്രകാശിക്കുന്നതിനാൽ മധ്യമം എന്ന് പേരുപറയുന്നു.. സ്വരങ്ങളിൽ മധ്യസ്ഥാനത്തുള്ളതുകൊണ്ടും അതായത് ഗ രി സ എന്ന് താഴെ മൂന്നു സ്വരങ്ങളും പ ധ നി എന്ന് മേലെ മൂന്നു സ്വരങ്ങളും ഉള്ളതുകൊണ്ടും മധ്യമം എന്ന് അന്വര്ഥമാകുന്നു..

പഞ്ചമം
നാഭിയിൽ നിന്നുള്ള വായു ഹൃദയം കണ്ഠം ശിരസ് ഓഷ്ഠം എന്നിവയിൽ തട്ടി പുറത്തുവരുമ്പോൾ ആകെ നാഭിയുൾപ്പെടെ അഞ്ചുസ്ഥാനങ്ങളിൽ നിന്നുമായി ഉത്ഭൂതമാകുന്നതുകൊണ്ട് പഞ്ചമമെന്ന് പേര്. ഷഡ്ജം തൊട്ടു എണ്ണുമ്പോൾ അഞ്ചാമത്തെ ആണെന്നതുകൊണ്ടും പഞ്ചമം എന്ന പേര് അന്വര്ഥമാകുന്നു.
ധൈവതം.
നാഭിയിൽ നിന്നുമുള്ള വായു കണ്ഠം താലു ശിരസ് ഹൃദയം എന്നീ സ്ഥാനങ്ങളിൽ ധരിക്കപ്പെടുന്നതുകൊണ്ട് ധൈവതം എന്ന് പേര്. ആറാമത്തെ സ്ഥാനത്തുള്ളതുകൊണ്ടും ധൈവതം എന്ന് പറയുന്നു. ബുദ്ധിമാന്മാരാൽ മാത്രം അറിയപ്പെടുന്ന സ്വരമെന്നതുകൊണ്ടും ഈ പേരു അന്വര്ഥമാകുന്നു.

നിഷാദം
മറ്റുസ്വരങ്ങളെല്ലാം ഇതിൽ പര്യവസാനിക്കുന്നുവെന്നതുകൊണ്ടും മറ്റാറുസ്വരങ്ങളും ഓരോ രസമുള്ള വ്യഞ്ജനസ്ഥാനീയങ്ങളും ഇതു തന്നെ സ്ഥാനീയവുമായതുകൊണ്ടും ഇതിനു നിഷാദമെന്നു പേര്.

മന്ത്രശാസ്ത്രത്തിൽ 16 സ്വരങ്ങളെ പറയുന്നുണ്ട്.. ദേവി നവാവരണപൂജയിൽ 16 സ്വരങ്ങളോടുകൂടിയ സർവാശാപരിപൂരകചക്രമെന്ന ചക്രത്തിൽ സംഗീതകലാഭിമാനിയായ ശ്രീദേവിയെ പൂജിക്കണം എന്ന് പറയുന്നു..
ഗുരുമുഖത്തുനിന്ന് മന്ത്രശാസ്ത്രവിധികളറിഞ്ഞ് ബീജാക്ഷരങ്ങളോടും ദേവതാധിഷ്ഠാനം യന്ത്രം ചക്രം ധ്യാനം മുതലായ അഗംങ്ങളോടും ഗായത്രി മുതലായ ഛന്ദസ്സുകൾ, ആഹവനാദികളായ ഉപാസനക്രമത്തോടും കൂടി അതാതുസ്വരദേവതകളെ ഷോഡശോപചാരത്തോടുകൂടി ആരാധിച്ചുവേണം സംഗീതശാസ്ത്രം അഭ്യസിക്കേണ്ടത് എന്ന് നമ്മുടെ പൂർവികന്മാർ നമുക്ക് കാണിച്ചുതരുന്നു. ദീപകമെന്ന രാഗം പാടുമ്പോൾ വിളക്കുതനിയെ കത്തും. മേഘരഞ്ജിനി രാഗം പാടുമ്പോൾ മഴപൊഴിക്കും.. തോഡി രാഗം പാടി മാനിനേയും മലയമാരുരാഗം പാടി ഇളംകാറ്റിനേയും വരുവിച്ചിട്ടുള്ള മഹാന്മാർ നാദോപാസനയുടെ അത്ഭുതശക്തിയേ നമുക്ക് കാണിച്ചുതരുന്നു..

എന്റെ യഥാര്ഥഭക്തന്മാർ എവിടെയാണോ ആനന്ദമയമായ സംഗീതത്തിൽ കൂടി എന്നെ സ്തുതിക്കുന്നത് അവിടെയാണ് ഞാൻ നിലകൊള്ളുന്നത് എന്ന ഭഗവദ് വചനം തന്നെ സംഗീതത്തിന്റെ മഹിമ മനസ്സിലാക്കാവുന്നതേയുള്ളു...ഹരി ഓം

No comments:

Post a Comment