Monday, September 29, 2014

സരസ്വതീ തത്ത്വം...


വാണീം പൂര്ണ്ണനിശാകരോജ്ജ്വലമുഖീം കര്പ്പൂരകുന്ദപ്രഭാം
ചന്ദ്രാര്ദ്ധാങ്കിതമസ്തകാം നിജകരൈഃ സംബിഭ്രതീമാദരാത്
വീണാമക്ഷഗുണം സുധാഢ്യകലശം വിദ്യാം ച തുംഗസ്തനീം
ദിവ്യൈരാഭരണൈർവിഭൂഷിതതനും ഹംസാരൂഢാം ഭജേ.

ഭാരതീയ ദേവതാസങ്കല്പങ്ങളിൽ സുപ്രധാനസ്ഥാനം വഹിക്കുന്ന ദേവതയാണ് സരസ്വതി.. നാദബ്രഹ്മസ്വരൂപിണിയും ശബ്ദബ്രഹ്മസ്വരൂപിണിയും പരബ്രഹ്മസ്വരൂപിണിയുമായ സരസ്വതിയെ ലോകജനനിയായി ആണ് പറയുന്നത്..  വിദ്യാദേവതയായി പൂജിക്കുന്ന സരസ്വതി ജ്ഞാനവിജ്ഞാനങ്ങളുടെയെല്ലാം കേദാരമാണ്.. 

നാദരൂപിണിയായ ദേവിയിൽ  നിന്ന് ക്രമത്തിൽ ആകാശാദി ഭൂതഭൌതികപ്രപഞ്ചമുണ്ടായി.. അതിനാൽ പ്രപഞ്ചത്തിനു മുഖ്യാശ്രയം നാദരൂപിണിയായ ദേവി തന്നെയാണ്.. ദേവിയെ പ്രഭാതത്തിൽ ഗായത്രിയായും മദ്ധ്യാഹ്നത്തിൽ സാവിത്രിയായും സന്ധ്യയിൽ സരസ്വതിയായും ആരാധിക്കുന്നു. വാക്കിന്റെ അധീശ്വരിയായതിനാൽ ദേവി വാഗധീശ്വരിയായി നാം ഭജിക്കുന്നു..നിര്മലതയേയും ശുദ്ധതയേയും സൂചിപ്പിക്കുന്നതാണ് ദേവിയുടെ രൂപം.. ദേവിക്ക് നാലു കൈകളാണുള്ളത്.. നാലു കരങ്ങളെ ക്ഷമാ. ജ്ഞാന, പ്രതിഷ്ഠാ, നിവൃത്തി എന്നി നാലു മഹിമകളെയും  നാലുവേദങ്ങളേയും മനോ ബുദ്ധി ചിത്തം അഹങ്കാരം എന്നിവയേയും സൂചിപ്പിക്കുന്നു.  മനോബുദ്ധികളാകുന്ന ഇരുകരങ്ങളിൽ വീണയും ചിത്തമാകുന്ന കയ്യിൽ ഗ്രന്ഥവും  അഹങ്കാരമാകുന്ന കയ്യിൽ അക്ഷമാലയോ താമരയോ ശുകമോ ധരിച്ചും ദേവി വിളങ്ങുന്നു.  വലതുഭാഗത്തെ 51 സ്ഫടികനിര്മിതമായ  അക്ഷമാല 51 അക്ഷരങ്ങളെ കുറിക്കുന്നു.. മനോവികാരനിയന്ത്രണത്തെ കുറിക്കുന്നതാണ് ദേവിയുടെ അക്ഷമാല...ഇടതുവശത്തെ കയ്യിലുള്ള  ഗ്രന്ഥം ജ്ഞാനത്തിലൂടെ പരമസത്യം നേടാനാകു  എന്ന്  സൂചിപ്പിക്കുന്നു..അക്ഷമാല ബ്രഹ്മജ്ഞാനത്തേയും ഗ്രന്ഥം ഭൌതികജ്ഞാനത്തേയും കുറിക്കുന്നു.. 

ദേവിയുടെ കയ്യിലെ അമൃതകുംഭം അജ്ഞാനത്തെ നശിപ്പിക്കുന്ന ശുദ്ധസ്വരൂപമായ അമൃതാകുന്ന ജ്ഞാനത്തെ കാണിക്കുന്നു..   സർവശബ്ദങ്ങളുടേയും ജനയിത്രിയായ ദേവിയുടെ കൈയിലുള്ള വീണ ശബ്ദബ്രഹ്മമാണ്.. ദേവിയുടെ കയ്യിൽ ചിലപ്പോൾ  തത്തയെ ചിത്രീകരിക്കാറുണ്ട്.. ദേവിയുടെ കയ്യിലെ ശുകം വാക്ചാതുര്യത്തേയും വാക് സൌന്ദര്യത്തേയും കുറിക്കുന്നു.. ദേവിയുടെ ധ്യാനങ്ങളിലെല്ലാം തന്നെ  ആപീനതുംഗസ്നനങ്ങളോടു കൂടിയവളാണ് ദേവി എന്ന് വര്ണിക്കുന്നു.. മാതൃഭാവത്തിൽ പുത്രവാത്സല്യത്തോടുകൂടി ജ്ഞാനമാകുന്ന മാതൃസ്തന്യം നൽകി തന്റെ ഭക്തരെ  പരിപോഷിപ്പിക്കുന്നവളാണ് ചരാചരജഗന്മാതാവായ ദേവി.. എല്ലാ ക്ഷേത്രങ്ങളിലും നാം കാണുന്ന ദേവീവിഗ്രഹങ്ങൾ  യഥാര്ഥത്തിൽ ഈ മാതൃഭാവത്തെയാണ് കാണിക്കുന്നത്.. 


ദേവിയുടെ വാഹനം ഹംസമാണ്..  പാലും വെള്ളവും വേർതിരിച്ച്  സ്വീകരിക്കുന്ന ഹംസത്തെ പോലെ  ഉചിതമായത് സ്വീകരിക്കുവാനുള്ള കഴിവ് മനുഷ്യനുണ്ടാകണമെന്ന്  ഹംസം കാണിക്കുന്നു..ദേവിയുടെ ആസനം എന്നത് പദ്മമാണ്.. ശുദ്ധജ്ഞാനസ്വരൂപികളായ സാധകരുടെ ഹൃദയരൂപമായ പദ്മത്തിലാണ് ദേവി എപ്പോഴും സ്ഥിതിചെയ്യുന്നത്..  സസ്വരൂപത്തിലുള്ള ഉത്തമഗുണത്തോടുകൂടിയ സാധകരുടെ ഹൃദയപദ്മത്തി  ആസനസ്ഥയായി ആണ് ദേവി സഞ്ചരിക്കുന്നത് എന്നും ആന്തരികാര്ഥം.  ദേവിയുടെ ശരീരം നിര്മിക്കപ്പെട്ടിരിക്കുന്നത് നാശമില്ലാത്തവയായ 51 വര്ണങ്ങളാലാണ്.. അക്ഷരമെന്നാൽ നാശമില്ലാത്തത് എന്നര്ഥം.. അക്ഷരാകാരമായ ദേവി അതിനാൽ നാശവിഹീനയുമാണ്.. അക്ഷരങ്ങളാൽ നിര്മിതമായശരീരത്തോടുകൂടിയവളായതിനാൽ ദേവി വര്ണരൂപിണിയും, വര്ണാത്മികയും, വര്ണവിഗ്രയും, മാതൃകാവര്ണരൂപിണിയുമാകുന്നു.. അതുകൊണ്ട് തന്നെ ദേവിയെ ശബ്ദബ്രഹ്മമയി, നാദബ്രഹ്മമയി എന്നെല്ലാം വിളിക്കുന്നു.. വിശപ്പും ദാഹവും ശമിപ്പിക്കുന്നതിന് ഗോമാതാവ് പാൽ എപ്രകാരം നമുക്കു തരുന്നുവോ അപ്രകാരം സമസ്ത കാമനകളേയും  പൂര്ത്തീകരിക്കുന്ന ദിവ്യക്ഷീരമാകുന്ന ജ്ഞാനം ദേവി പ്രദാനം ചെയ്യുന്നു..

നിര്മലമായ ഭക്തന്മാരുടെ ഹൃദയമായ പദ്മത്തിൽ  ശ്രദ്ധ, ധാരണാ മേധാ സ്വരൂപിണിയായി വസിക്കുന്നവളും. മനസ്സിന് നിര്മ്മലത ദാനം ചെയ്യുന്നവളും മനോജ്ഞയും സുന്ദരശരീരത്തോടുകൂടിയവളും പാർവതീ ദുര്ഗാ കമലാ എന്നീ ത്രിപുരാദി രൂപങ്ങളിൽ വര്ത്തിക്കുന്നവളും വാക്കിനു അധീശ്വരിയും ജഗത്തിനു ആധാരഭൂതയുമായ ആ ദേവി എല്ലാവര്ക്കും സമസ്തവിദ്യകളേയും പ്രദാനം ചെയ്യട്ടെ..ശ്രീ സരസ്വത്യൈ നമഃ. ഹരി ഓം.

No comments:

Post a Comment