Thursday, March 26, 2015

കൈലാസവും മാനസസരോവരും..

കൈലാസവും മാനസസരോവരും..

സുഹൃത്തിന്റെ അമ്മയ്ക് കൈലാസം മാനസസരോവർ യാത്ര പോകണമെന്നു പറഞ്ഞപ്പോൾ ഈ പ്രായത്തിൽ അമ്മ എന്തിനാ അവിടെ വരെ പോകുന്നത് എന്ന് സ്വാഭാവികമായി ചോദിച്ചുപോയി. അതിനു മറുപടി അമ്മ തന്നെ പറഞ്ഞു, കൈലാസയാത്ര ചെയ്ത് മാനസസരോവരിൽ പോയി കുളിച്ചാൽ മോക്ഷം കിട്ടുമത്രേ. 58 മത്തെ വയസ്സിൽ പോകാനുള്ള ഒന്നരലക്ഷം രൂപ കടം മേടിച്ചു ബുദ്ധിമുട്ടി കൈലാസത്തിൽ പോയാൽ മാത്രമേ മോക്ഷം കിട്ടുകയുള്ളു എന്നാണോ..അങ്ങിനെയാണേ അമര്നാഥിലും, വൈഷ്ണവിയിലും മാനസസരോവർ യാത്രയിലും ഒക്കെ ഭാരം ചുമക്കുന്നവര്ക്ക് അല്ലെ മോക്ഷം കിട്ടണ്ടിയിരുന്നത്. കാരണം നമ്മളേക്കാൾ ഏറ്റവും കൂടുതൽ അവരല്ലെ അവിടെ പോകുന്നത്. അതുമാത്രമല്ലാ..കേരളത്തിൽ മൊത്തം കണക്കെടുത്താൽ മോക്ഷം കിട്ടിയവരായിരുന്നേനെ കൂടുതൽ കാരണം അത്രയും ആളുകൾ വര്ഷാവര്ഷം മാനസസരോവർ യാത്ര ചെയ്യുന്നുണ്ടല്ലോ..

കൈലാസത്തിനും ഗംഗോത്രിയ്കും അമര്നാഥിനുമൊക്കെ തീര്ഥസ്ഥാനത്തിന്റെ മഹത്ത്വം ഉണ്ടെന്നതിൽ സംശയമില്ല. പക്ഷെ മോക്ഷപ്രദാനം എന്നു പറഞ്ഞ് കൈലാസയാത്ര നടത്തുന്നവരോടു പറയാനുള്ളത് കൈലാസം എന്നത് കൈലാസം എന്ന പർവതമല്ല എന്നതാണ്. കേ ശിരസി ശിവയോഃ ലാസോ നൃത്യം, തദസ്യാസ്തീതി കൈലാസഃ. ശിവയുടെ ലാസം അഥവാ ലാസ്യം എന്നു പറഞ്ഞാ നൃത്യം എന്നര്ഥം. ഏതൊരു വ്യക്തിയുടെ ശിരസിൽ ആണോ ദേവി നൃത്യം ചെയ്യുന്നത്, അഥവാ എവിടേയാണോ ദേവിയിരിക്കുന്നത് അതാണ് കൈലാസം. കൈലാസയാത്ര എന്നു പറയുന്നത് തന്റെ തന്നെ ഉള്ളിലെ ദേവീഭാവത്തെ അറിയുന്നതാണ് അഥവാ തത്ത്വത്തെ ഗ്രഹിക്കുന്നതാണ് കൈലാസയാത്ര. ഉപാസനയാൽ ഇന്ദ്രിയങ്ങളെ നല്ലവണ്ണം അടക്കി എല്ലാത്തിലും സമബുദ്ധിയോടു കൂടി സർവഭൂതഹിതത്തിനായി ദേവിയെ ഉപാസിക്കുന്നവർ ചിത്തവൃത്തിജാലമായ ഈ ജഗത്തിന്റെ ലയനത്തിലൂടെ അമൃതകലയുടെ ആനന്ദരസത്തെ പാനം ചെയ്തു കൊണ്ട് നീന്തിത്തുടിക്കുന്നു. ഇങ്ങിനെ സമാനവൃത്തി പ്രവാഹരൂപമായ ഉപാസനയാൽ ലഭ്യമാകുന്ന അമൃതരസത്തെയാണ് കൈലാസസരോവരം എന്നു പറയുന്നത്.. അത് പാനം ചെയ്യാനുള്ള അഥവാ ആ അമൃതരസത്തിൽ ആനന്ദിക്കാനുള്ള സാധകന്റെ യാത്രയാണ് കൈലാസയാത്ര.. അല്ലാതെ കയ്യിലെ കാശും കളഞ്ഞ് കൈലാസശിഖരത്തിൽ കയറി മാനസസരോവരിൽ കുളിച്ചു എന്നു കരുതി ആ സമയം തന്നെ മോക്ഷം ലഭിക്കുമെന്നു വിചാരിക്കുന്നത് പരമ അബദ്ധം തന്നെയാകും. ദേവിയെ അറിയുന്നതിന് കൈലാസം വരെ പോകണമെന്നു യാതൊരു നിര്ബന്ധവുമില്ല . താൻ തന്നെയാണ് ദേവി എന്നു അറിയുന്നതാണ് കൈലാസയാത്ര. നാം തന്നെയാണ് കൈലാസം. അതിൽ യാത്രചെയ്യേണ്ടതും നാം തന്നെ.. "അഹം ദേവീ ന ചാന്യോസ്മി ബ്രഹ്മൈവാഹം ന ശോകഭാക് " എന്ന് അറിയുന്നവനാണു ശ്രീവിദ്യാ ഉപാസകൻ. ഹരി ഓം

No comments:

Post a Comment