Saturday, February 3, 2018

ആനകളുടെ ദിനം... ഒരു തിരിഞ്ഞു നോട്ടം

ആനകളുടെ ദിനം... ഒരു തിരിഞ്ഞു നോട്ടം
ഇന്ന് ആനകളുടെ ദിനം ആയി ആചരിക്കുകയാണ്.. ഈ ദിവസങ്ങളിൽ ആന ചരിഞ്ഞു എന്നതാണ് വാര്ത്തകളായി കേള്ക്കുന്നതും.. ചിന്തിച്ചിട്ടുണ്ടോ അതിന്റെ കാരണം എന്താണെന്ന്..ഇതിന് കാരണം ആനകള്ക്ക് യോഗ്യമല്ലാത്ത രീതിയിൽ ഉള്ള ചര്യ എന്നു തന്നെയാണ് ഉത്തരം.ഏറ്റവും കുറഞ്ഞത് അവയുടെ ഭക്ഷണം മാത്രം നോക്കിയാൽ മതിയാകും എന്തുകൊണ്ട് ആന ചരിയുന്നു എന്ന് മനസ്സിലാക്കാൻ..ആനകളുടെ സാത്മ്യഭക്ഷണം അതായത് നിത്യം ഒരു ആനയ്ക് കിട്ടേണ്ടത് എഴുതാം.. വായിച്ചു നോക്കൂ..അവയെ കണ്ട് ആസ്വദിക്കുന്ന നാം ഇത് മനസ്സിലാക്കേണ്ടതാണ് ഒപ്പം അവയെ സംരക്ഷിക്കേണ്ടതും നമ്മളു തന്നെയാണ്..

ശരീരത്തിന് അനുസരിച്ച് ആണ് ആനകളുടെ ആഹാരവിധി... അതായത് ആനകളുടെ ഉയരത്തിന് അരത്നി പ്രമാണം ആചാര്യൻ പറയുന്നുണ്ട്.. ആനകളുടെ നെയ്യും മറ്റ് ഭക്ഷണപദാര്ഥങ്ങളും ആ അളവനുസരിച്ച് മാത്രമേ വിധിജ്ഞനായ വൈദ്യൻ കൊടുക്കാൻ പാടുള്ളു..
അതായത് ഉദാഹരണത്തിന് ഏഴ് അരത്നി (ഒരു മുഴം) ഉയരവും ഒനപതു നീളവും പത്ത് വണ്ണവും ഉള്ള അഗ്നിയുക്തനായ ആന ഏഴ് ദ്രോണം ഭക്ഷണം കഴിക്കണം. അഞ്ച് ഉയരവും, എട്ട് വണ്ണവും, ഏഴു നീളവും ഉള്ള യാതൊരു ആനയുണ്ടോ അഗ്നിയാൽ യുക്തനാവ ആ ആന അഞ്ച് ദ്രോണം ഭക്ഷണം കഴിക്കണം. നാലു ഉയരം ആറ് നീളം ഏഴ് അരത്നി വണ്ണം ഉള്ള ആനക്കും നാലു ദ്രോണം ഭക്ഷണം വിഹിതമാണ്. നീയമപ്രകാരം പറഞ്ഞാൽ അരാളം എന്ന വിഭാഗത്തിൽ പെടുന്ന ഗജത്തിന് പതിനാറ് ഇടങ്ങഴി എന്ന രീതിയിലാണ് ഭോജനവിധി. ആനകള്ക്ക് വൈദ്യൻ ദ്രോണപ്രമാണമനുസരിച്ച് മാത്രമേ ഭക്ഷണം നൽകാവൂ എന്ന അര്ഥം. അല്ലാതെ എതെങ്കിലും ഭക്തൻ കൊണ്ടു വന്ന സാധനം തോന്നിയ ആനയ്ക് കൊടുക്കുക എന്നത് യുക്തനായ ആനക്കാരന് ചേരുന്നതല്ല..
ഉണങ്ങിയവയുടേയും ലഘുക്കളായവയെല്ലാം നാല്പതു തുലാം തൂക്കം തീറ്റയായി നൽകണം. ഫലത്തോടു കൂടി നിൽക്കുന്ന ധാന്യങ്ങളാണ് എങ്കിൽ പത്തു തുലാം ആണ്. തൈലം ഉപ്പ് ഇവ കൂട്ടാതെ രാവിലെ വിധിയനുസരിച്ച് നൽകണം. നെയ്യ് ശര്ക്കര തൈര് മാംസം ഇവയോടു കൂടി പകുതി ഉപ്പു ചേര്ത്ത് നയ്യ് രസം ഇവ ചേര്ത്ത് കൊടുക്കണം. അതുപലെ മധുരാദികൾ നൽകുമ്പോഴും ഇതു തന്നെയാണ് രീതി..
വിവിധങ്ങളായ ത്വക്ക്, വള്ളി, ഫലം, വൃക്ഷഖണ്ഡങ്ങൾ, തളിര് എന്നിവയും, ചവര്പ്പ്, എരിവ്, കയ്പ്, ഉപ്പ്, പുളി, മധുരം തുടങ്ങിയ രസങ്ങളോടു കൂടിയവ ഋതുക്കളനുസരിച്ച് പ്രത്യേകം പ്രത്യേകം ആണ് ആനകൾ സേവിക്കുന്നത്.
ഇനി ആനകളുടെ സാമാന്യ ശൈലി പറയുകയാണെങ്കിൽ, വര്ഷമേഘങ്ങൾ വരുമ്പോൾ അഥവാ മഴക്കാലത്ത് വൃക്ഷഭംഗങ്ങൾ അഥവാ വൃക്ഷതലപ്പുകൾ വര്ജ്ജിക്കുന്നു. ഹേമന്തത്തിലും ഗ്രീഷ്മത്തിലും ആനകൾ അവ ഭക്ഷിക്കുകയും ചെയ്യുന്നു. വര്ഷക്കാലത്ത് കാട്ടിലുള്ള ഈന്തൽ, കണിക്കൊന്ന, ആരംപുളി, അത്തി, ഇത്തി, അരയാൽവൃക്ഷം, പുല്ല്, വെള്ളം തുടങ്ങിയവ ഭക്ഷിക്കുന്നു. അതുപോലെ ജാംഗലഭൂമിയിലേയും (വാതഭൂയിഷ്ഠമായ പ്രദേശം) ഭക്ഷണം കഴിക്കുന്നത് ഋതു അനുസരിച്ചാണ്. അല്ലാതെ എല്ലാം എല്ലായിപ്പോഴും കഴിക്കില്ല . പുല്ലുകൾ തിന്ന് സ്വച്ഛന്ദമായി വെയിലു സേവിച്ചുകൊണ്ട് പിടിയാനകളോടും കുട്ടികളോടും കൂടി സ്വൈരമായി രമിക്കുന്നു. സാത്മ്യത്തിന് ആവശ്യമായ ജലത്തെ കുടിച്ചുകൊണ്ട് സഞ്ചരിക്കുകയും ചെയ്യുന്നു. ഇഷ്ടപ്പെട്ടവരുടെ കൂടെയുള്ള സേവനവും, ഉറങ്ങുന്ന സ്ഥലവും, ഭക്ഷണവും (കിടപ്പും ഊണും), മുങ്ങിക്കുളി, പൊടിയിടൽ, ശരീരത്തിലെ അടി, ഉറക്കവും ഉറക്കമൊഴിക്കലും കാരണം ആനകള്ക്ക് വ്യാധി ഉണ്ടാകുന്നില്ല.
കെട്ടിയഴിക്കുന്നതുകൊണ്ടുള്ള വ്യാകുലത കൊണ്ടും, പിടിയാനകളുടെ വിരഹം കൊണ്ടും, തീക്ഷ്ണമായ ഉഗ്രമായ വാക്കുകളെ കൊണ്ടും, ഏറ്റവും മര്ദ്ദിക്ക കൊണ്ടും, ഇഷ്ടമില്ലാത്ത ഭക്ഷണം, യാത്ര ഇവകളിൽ യോജിപ്പിക്ക കൊണ്ടും, ദുഷ്ടമായ സ്ഥാനങ്ങളിലുള്ള ഉറക്കം കാരണവും പീഡിപ്പിച്ച് ജോലി ചെയ്യിക്കുന്നതുകൊണ്ടും, മൈഥുനാദികളില്ലാത്തകൊണ്ടും കൊണ്ടുവരപ്പെട്ട ആനകൾക്ക് സാധ്യവും, യാപ്യവും അസാധ്യവുമായ ശരീരജമായ വ്യാധികൾകൊണ്ട് ആതുരനായി ഭവിക്കുന്നു. അതായത് ആനകള്ക്ക് അസുഖം വരുന്നു എങ്കിൽ അതിന് നാം തന്നെയാണ് കാരണം.
ആനകള്ക്ക് ജലം തന്നെയാണ് പ്രാണൻ. അതിൽ തന്നെയാണ് അത് ജീവിക്കുന്നും അത് തന്നെയാണ് അതിന്റെ ആശ്രയസ്ഥാനവും. ആ കാരണം കൊണ്ട് ജലം ആനകള്ക്ക് ഇഷ്ടം പോലെ കൊടുത്ത് പ്രസാദിപ്പിക്കണം എന്നതാണ് രീതി.. ഇതൊക്കെ നാം ചെയ്യുന്നുണ്ടോ..
ചെളി, ജലം, ശീകരം (വാതത്താൽ പ്രേരിതമാക്കപ്പെട്ട ജലകണം) തുടങ്ങിയവയാൽ പരിഷേചനം ചെയ്തില്ലായെങ്കിൽ ആ കാരണം കൊണ്ട് ആനകൾ കുഷ്ഠനായും അന്ധനായും ഭവിക്കും. ആനകൾ പ്രകൃത്യാ ഉഷ്ണപ്രകൃതികളാണ്. അതിന്റെ പരാഹാരാര്ഥം വെള്ളം, ചെളി, പൊടിമണ്ണ് ഇവയിൽ ഉള്ള വിഹാരങ്ങൾ ആനയ്ക് സന്തോഷത്തേയും ധാതുസാത്മ്യത്തേയും വരുത്തുന്നു. സാത്മ്യമായ ധാതുക്കൾ പൂര്ണമായ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു.
സാമാന്യമായി ആനകളുടെ രീതി നോക്കിയാൽ തന്നെ..രാവിലെ തന്നെ ചെവിവരെ വെള്ളത്തിൽ ഇവയെ പ്രവേശിപ്പിച്ച് ഇറക്കി നിര്ത്തണം. ശീതസാത്മ്യം കൊണ്ടുമാത്രമേ വനജങ്ങളായ ഇവയ്ക് നിത്യമായി സുഖം ലഭിക്കുകയുള്ളു. സൂര്യൻ മൃദുഭാവത്തെ പ്രാപിക്കുമ്പോൾ ജലത്തിൽ നീന്തിത്തുടിക്കുന്ന ആനകളെ യത്നത്തോടു കൂടി ജലത്തിൽ നിന്ന് കരയിലേക്ക് കൊണ്ടുവരണം. അതിനുശേഷം കെട്ടും തറിയിൽ ബന്ധിച്ചിരിക്കുന്നതായ ആനകള്ക്ക് ശതധൌതഘൃതം കൊണ്ട് ശരീരം മുഴുവൻ പിഴിഞ്ഞുവീഴ്ത്തണം.
ദിനത്തിന്റെ അവസാനം വേഗത്തിൽ യവാന്നം നെയ്യു ചേര്ത്ത് കൊടുക്കണം. ശരത് ഗ്രീഷ്മകാലം ഒഴിച്ച് മൂന്നു കാലങ്ങളിലും വര്ഷകാലത്തും പിഴിഞ്ഞുവീഴ്ത്തണം. വരിനെല്ല്, മുളംതല, തളിര്, പുല്ല്, താമരവളയം, വിവിധങ്ങളായ കരിമ്പുകൾ കൊണ്ട് യോഗ്യമായ രീതിയിൽ ഉപചരിക്കണം.
സുഖനിദ്രക്കായിട്ട് ആനകൾ ശയ്യയിലേക്ക് എപ്പോഴാണോ പോകുന്നത് അപ്പോൾ അവയ്ക് ശര്ക്കര ചേര്ത്ത വെള്ളം അഥവാ പാനകം കൊടുക്കണം. എപ്പോഴാണോ കുഡവം അഥവാ നാഴി ആകുന്നത് അതുവരെ പലം പലം അഥവാ പന്ത്രണ്ട് കഴഞ്ചു വര്ദ്ധിപ്പിക്കണം.
കുടിക്കുന്നതിനു വേണ്ടി വെള്ളം കൊടുക്കണം. അല്ലായെങ്കിൽ വിദാഹം ഉണ്ടാകും. ജലം കുടിക്കാത്തവര്ക്ക് ഗോമൂത്രം, ക്ഷീരം, മദ്യങ്ങൾ, ദീപനീയങ്ങളായവ യാതൊക്കെയുണ്ടോ അവയോ, തൈര്, ഗോതമ്പുകാടി, കള്ള് മട്ട് ഇവ കൊടുക്കണം. അല്ലായെങ്കിൽ ശ്ലേഷ്മം കോപിക്കും. ഉച്ചക്ക് ശര്ക്കര അരിപ്പൊടി ചേര്ത്ത് പതിനാറ് ഇടങ്ങഴി പരിണാമത്തിൽ കൊടുക്കണം. അരിപ്പൊടി നെയ്യിൽ ചേര്ത്ത് രാത്രി ഇട്ടുവച്ച് ഗ്രീഷ്മകാലത്ത് കുടിക്കണം.
ഇനി കൊടുക്കാണെങ്കിൽ സാമാന്യമായി എല്ലാ ആനകള്ക്കും ഒരുപോലെ ഭക്ഷണം കൊടുക്കാനും പാടില്ല..
ഇപ്രകാരം ആനയുടെ പ്രമാണങ്ങൾ ആചാര്യ പാലകാപ്യൻ പറയുന്നുണ്ട്.
ഇതെഴുതിയത് ഇതു മുഴുവൻ ആനയ്കു നാളെ മുതൽ ആരെങ്കിലും കൊടുക്കുമെന്ന് വിചാരിച്ചിട്ടല്ല.. ഇന്ന് ക്ഷേത്രങ്ങളിലും മറ്റ് ആഘോഷങ്ങളിലും ആനയെ കിലോമീറ്ററുകൾ നടത്തിച്ച് അവയെ ഉപയോഗിക്കുമ്പോൾ അതിന് ആവശ്യമായ കാര്യങ്ങൾ മിനിമം അസുഖം വരാതെ സംരക്ഷിക്കുന്നതിനുള്ള കാര്യങ്ങൾ കൂടി ചെയ്യാൻ നാം ബാധ്യസ്ഥരാണ് എന്ന് കാണിക്കുവാനാണ്. കേരളത്തിൽ ദേവസ്വം ബോര്ഡുകള്ക്ക് ഈ മിണ്ടാപ്രാണിയെ സംരക്ഷിക്കുന്നതിനുള്ള ശേഷിയുണ്ടെന്നാണ് എന്റെ വിശ്വാസം.. ആനസംരക്ഷരെന്നു പറയുന്നവർ ആദ്യം ആനയുടെ നിത്യചര്യകളും അതിന് ലഭിക്കേണ്ട സംരക്ഷണം എന്തൊക്കെയാണ് എന്നു കൂടി പഠിക്കുന്നത് ആകും ഉചിതം. എന്നിട്ട് അത് കൃത്യമായി അവയ്ക് കിട്ടുന്നുണ്ടോ എന്ന് ചിന്തിക്കുക.. ഗണപതിയുടെ ഭാവമായി അനുഗ്രഹം മേടിക്കുവാൻ ആനയ്കു മുന്പിൽ നിൽക്കുമ്പോൾ ആ പാവത്തിന് യോഗ്യമായ വ്യവസ്ഥയുണ്ടോ എന്ന് കൂടി അറിയേണ്ടത് നമ്മളുടെ ഉത്തരവാദിത്തം കൂടിയാണ്.. അല്ലെങ്കിൽ കാലങ്ങള്ക്കുള്ളിൽ ഓരോ ദിവസവും ആന ചരിഞ്ഞു എന്ന് വായിക്കേണ്ടി വരും.. ശ്രീ ഗണപതയേ നമഃ.. ശ്രീ ഗുരുഭ്യോ നമഃ

No comments:

Post a Comment